ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിലെ അതിപ്രശസ്തവും പ്രാചീനവുമായ പതിനെട്ടര കാവുകളിലൊന്നാണ് ഈ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന കുറുമാലികാവ്.  പ്രാചീനകാലത്ത് പുഴയോരങ്ങളില്‍ ശിവക്ഷേത്രങ്ങളും, ഭഗവതികാവുകളും ധാരാളമായി ഉയര്‍ന്നുവരികയുണ്ടായി.  ഇവയില്‍ ചെങ്ങാലൂര്‍ മഹാദേവക്ഷേത്രം വിളക്കപ്പാടി ശിവക്ഷേത്രം എന്നിവകൾക്ക് വളരെ പഴക്കമുണ്ട്. ഈശാനിമംഗലം ശിവക്ഷേത്രം, തൊടുകുളങ്ങര വിഷ്ണുക്ഷേത്രം, ആലഞ്ചേരി നരസിംഹക്ഷേത്രം ഉഴലൂര്‍ കാർത്ത്യായനിക്ഷേത്രം, വള്ളിക്കുന്ന് വിഷ്ണു-ഭഗവതിക്ഷേത്രം, എടത്തൂട്ട് ശിവക്ഷേത്രം, നരിപ്പറ്റ ശിവക്ഷേത്രം, സൂര്യഗ്രാമത്തിലെ കുടുംബ ഭഗവതി ക്ഷേത്രം എന്നിവ ഏറെ പഴക്കമുള്ള ക്ഷേത്രങ്ങളാണ്.  കുറമാലിക്കാവ് ക്ഷേത്രനാമത്തിൽ നിന്നായിരിക്കണം ഈ പ്രദേശത്തിന് കുറുമാലി എന്ന പേര് കിട്ടിയിട്ടുള്ളത്. പട്ടികജാതിക്കാർക്ക് പ്രത്യേകിച്ച് മറ്റു ആരാധനാലയങ്ങൾ ഇല്ലെങ്കിലും കുറുമാലിക്കാവ് ഭരണി ഉത്സവത്തോടനുബന്ധിച്ച് അവരുടെ തനതുകലകളായ ദാരികനൃത്തം, കാളികളി തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്.  പഞ്ചായത്തിലെ ആദ്യകാല ക്രിസ്ത്യാനികൾ പറപ്പൂക്കര സെൻറ് ജോൺസ് ദേവാലയത്തെയാണ് ആരാധനയ്ക്കായി ബന്ധപ്പെട്ടിരുന്നത്. ജനസംഖ്യയിൽ വർദ്ധനവുണ്ടാവുകയും തദനുസാരമായി ശവം അടക്കം ചെയ്യുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ അധികരിക്കുകയും ചെയ്തപ്പോൾ കൊച്ചിരാജാവിന് മുന്നിൽസങ്കടമുണർത്തിച്ച ക്രിസ്ത്യാനികൾക്ക് ആരാധനാലയം ഉണ്ടാക്കാൻ തുറവ്കുന്നിനും ചീനിക്കുന്നിനും ഇടയ്ക്കുള്ള നിരന്ന കാട്ടുപ്രദേശത്ത് രാജാവ് കരം ഒഴിവാക്കി രണ്ട് ഏക്കർ സ്ഥലം പതിച്ചു കൊടുത്തു.  കാട് വെട്ടിത്തെളിച്ച്  1764 ഫെബ്രുവരി 12ന് ഇന്നത്തെ സെൻറ് ആൻറണീസ് പള്ളിയിൽ നിർമ്മിച്ചു. അങ്ങനെ ഉണ്ടായ പുതിയ കാട്ടുപള്ളി എന്നത് ലോപിച്ച് കാലാന്തരത്തിൽ പുതുക്കാട് പള്ളിയായി. പള്ളി നാമത്തിൽ നിന്നാണ് പുതുക്കാട് നിന്ന് സ്ഥലനാമം ഉണ്ടായതെന്നാണ് ഐതിഹ്യം.  പണ്ടുകാലത്ത് വനനിബിഡമായിരുന്ന ഇവിടെ പകൽ സമയങ്ങളിൽ പോലും പുലിയുറങ്ങുമായിരുന്നു. പിന്നീട് ചെങ്ങാലൂർ മൗണ്ട് കാർമൽ ദേവാലയം, സ്നേഹപുരം സെൻറ് ജോസഫ് പള്ളി,  തെക്കേതുറവ് സെൻറ് ആൻറണീസ് പള്ളി എന്നിവ നിർമ്മിതമായി. കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച പടനായകന്‍ ശ്രീനാരായണഗുരുസ്വാമികൾ പുതുക്കാട്ടിലൂടെ നടന്നുവന്ന മറവാഞ്ചേരി കോമത്ത്കാട്ടിൽ വീട്ടിൽ താമസിച്ചിട്ടുണ്ട്.  സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ഭൂദാന പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവായ നവോബാഭാവെ, പുതുക്കാട് സെൻറ് ആൻറണീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കൂടിയ സമ്മേളനത്തിൽ പ്രസംഗിച്ചിട്ടുണ്ട്. പുതുക്കാട് പഞ്ചായത്ത് രൂപീകരിക്കുന്നത് വരെ ഈ പ്രദേശം പറപ്പൂക്കര പഞ്ചായത്തിലെ ഭാഗമായിരുന്നു. പട്ടയവോട്ട് നിലവിൽ ഉണ്ടായിരുന്ന അക്കാലത്ത് പുളിക്കൻ ചാക്കോരുവും പിന്നീട് ചെങ്ങാലൂരിലെ ചെതലന്‍ ഫ്രാൻസിസ് മാസ്റ്ററും, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്നു. തുടർന്ന് സി ജെ പൗലോസ് (ജോബായി) പറപ്പൂക്കര പഞ്ചായത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു. പറപ്പൂക്കരപഞ്ചായത്തിന്റെ ഭാഗമായിരുന്ന ചെങ്ങാലൂര്‍ തൊറവ് വില്ലേജുകൾ കൂട്ടിച്ചേർന്ന് 01.01.1962 ല്‍ പുതുക്കാട് പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1964 ജനുവരി മാസം ഒന്നാം തീയതി പുതുക്കാട് പഞ്ചായത്തിലെ ആദ്യ ജനകീയ സമിതി അധികാരത്തിൽ വന്നു. പ്രസ്തുത ഭരണസമിതിയുടെ പ്രസിഡണ്ട് ടി കൃഷ്ണൻകുട്ടി നായരായിരുന്നു.